പ്രായമാകുമ്പോൾ എന്നെങ്കിലും ഒരു കുഞ്ഞിനെ വേണമെന്ന തോന്നലിൽ നിന്നും എഗ് ഫ്രീസിംഗ് നടത്തിയെന്നു വെളിപ്പെടുത്തി നടി സുരഭി ലക്ഷ്മി.
20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന കാര്യമായിരുന്നു ഇതെന്നും ജീവിതത്തിലേക്ക് ഒരു ശരിയായ പങ്കാളി ‘ഇന്ന് വരും നാളെ വരും’ എന്നു വിചാരിച്ച് നീണ്ടുപോയതാണെന്നും താരം വെളിപ്പെടുത്തി.
സുരഭി ലക്ഷ്മിയുടെ വാക്കുകൾ
‘എന്റെ ജീവിതത്തിൽ കുറച്ചുകൂടി നേരത്തെ എടുക്കേണ്ടിയിരുന്ന ഒരു തീരുമാനമായിരുന്നു എഗ്ഗ് ഫ്രീസിംഗ്. എന്റെ ഈ അനുഭവം പങ്കുവെക്കുന്നത് മറ്റൊരാൾക്കെങ്കിലും ശരിയായ സമയത്ത് ഒരു നല്ല തീരുമാനമെടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്.
20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന കാര്യമായിരുന്നു ഇത്. ജീവിതത്തിലേക്ക് ഒരു ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ച് നീണ്ടുപോയതാണ്. പറഞ്ഞു വന്നത് എന്തെന്നു വച്ചാൽ ഞാൻ എഗ് ഫ്രീസ്സിംഗ് ചെയ്തതിനെക്കുറിച്ചാണ്.
ഒരുപാട് നാളായി എഗ് ഫ്രീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാൻ ഇത് ചെയ്തിട്ട് ആളുകളോട് പറയുമ്പോൾ പ്രൊസീജിയർ എങ്ങനെയായിരുന്നു, ആ സമയത്ത് എന്താണ് തോന്നിയത് എന്നൊക്കെ സത്യസന്ധമായി പറയാൻ കഴിയും.
ഇപ്പോൾ ആ പ്രൊസീജിയർ ചെയ്തു കഴിഞ്ഞു. സാധാരണ എഗ് ഫ്രീസ് ചെയ്യുന്നത് കാന്സർ പോലുള്ള മാരക അസുഖങ്ങൾ വരുന്ന സമയത്ത്, അതിന്റെ ചികിത്സ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ്. ആ ചികിത്സയ്ക്കു ശേഷം നമ്മുടെ ഓവറിയൊക്കെ നശിച്ചുപോകും. അതിനുശേഷമുള്ള ജീവിതത്തിൽ നമുക്കൊരു കുഞ്ഞ് വേണമെന്ന് തോന്നിയാൽ ഇത് വലിയ സാധ്യതയാണ്.
പ്രഗ്നൻസി താമസിപ്പിക്കുന്ന സമയത്തും ഇത് ചെയ്യാം. നാൽപത് വയസിലാണ് പ്രസവിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ 28ലോ 32 വയസ്സിലോ ഒക്കെ എഗ് ഫ്രീസ്സ് ചെയ്തുകൊണ്ട് ആ ഒരു ക്വാളിറ്റിയുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
ഇപ്പോൾ ആലോചിക്കുമ്പോൾ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നാണിത്. എനിക്ക് പിന്തുണ നൽകിയ ഡോ. അശ്വതി കുമാരനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.’